Saturday, April 10, 2010

യാത്രക്കുറിപ്പുകൾ

ഒരു യാത്രയിലാണു ഞാൻ.

ഇന്നലെ ആരവല്ലിയിൽ, ഇന്നു ഹൗറ ബ്രിഡ്ജിന്നരികിൽ, ഹംപിയിലെ വിജയനഗര സ്മാരകങ്ങളിൽ . ആൽപ്സ് പർവതനിരകൾ, ചന്ദ്രമണ്ഡലം, ശൂന്യാകാശം എവിടെയും പോകാൻ മനസ്സിനു കഴിയും. കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്ന് യാത്രതിരിച്ചവർ. കൊളംബിയയിലൂടെ ചിതറിപ്പോയ കല്പന ചൗള. ഇവരുടെ ലോകത്തിലേയ്ക്ക് ഒരു യാത്ര. മനസ്സിന്റെ യാത്രയ്ക്ക് ആധികാരമായ മുഖക്കുറിപ്പുകൾ വേണമെന്നില്ല.. സപ്തസാഗരങ്ങളുടെ വിസ്തീർണമോ ആഴമോ അറിയണമെന്നില്ല.

ഇന്നലെ ഞാൻ ഒരു തുളസ്സി നട്ടു. കവചകുണ്ഡലങ്ങളുമായി കർണൻ ദുര്യോധനനു കാവൽ നിൽക്കുന്നു. എന്റെ തുളസ്സികളെ ഇഷ്ടപ്പെടാത്ത ഒരു കർണനുണ്ട്. സൂതപുത്രനോട് നീരസം കാട്ടിയ ദ്രുപദ പുത്രിയെ അപമാനിയ്ക്കാൻ ഈ കർണൻ മുൻപിലുണ്ടായിരുന്നു. പരശുരാമശാപം തലയിലേറ്റിയ കർണൻ. മഹാഭാരതത്തിലൂടെ സഞ്ചരിയ്ക്കുന്നതിലർഥമില്ല. ദുര്യോഗങ്ങളുടെ യുഗം.

ജഗദല്പൂരിൽ കലിയുഗഭ്രാന്തിന്റെ രക്തം. ഓരോ ദിനവും ദിനാന്ത്യവും ഭീകരലോകത്തിന്റെ സാക്ഷിപത്രങ്ങളെഴുതുന്നു. ടാഗോറിന്റെ നോബൽ ഒരു സാന്ത്വന കാവ്യം. അപരിചിതരുടെ കഥകളി മുദ്രയിൽസമയം മുന്നോട്ടോടുന്നു. ഗാന്ധി എന്നേ മരിച്ച സത്യം. സിന്ധുവിലൊഴുകാത്ത ചിതാഭസ്മം.

ആർക്കും വേണ്ടാത്ത ഒരു ലോകത്തിനെ സ്നേഹിയ്ക്കുന്ന കുറെ മനുഷ്യസ്നേഹികൾ. അവരെ എഴുതി വിൽക്കുന്നവർ. പത്രക്കടലാസ്സുകളിൽ വിനയവിവേകശൂന്യതയുടെ അവസാനമുദ്രകൾ. എന്റെ ചിന്തകളിൽ ലളിതാസഹസ്രനാമം. വാഗദേവിയും, ലക്ഷ്മിയും ഇരു വശങ്ങളിൽ വന്നു പൂജ ചെയ്യുന്ന പദ്മനാഭസഹോദരി-ജഗദംബിക.

ടെലിവിഷനിൽ പോളണ്ട് പ്രസിഡന്റിന്റെ മരണം. മരണവാർത്തകൾക്കിടയിൽ ഒരു ടെന്നിസ്സ് വിവാദവിവാഹം. മരണവും ജീവിതവും അവർക്ക് ലോകവാർത്തകൾ. ഇടയ്ക്കുള്ളത് വിവാദങ്ങളുടെ പഴിചാരലുകൾ. മനസ്സിൽ ദൈവം മരിയ്ക്കുമ്പോൾ പലരും മുഖം മൂടികളാവുന്നു. ചലിയ്ക്കുന്ന യന്ത്രങ്ങൾ. യന്ത്രങ്ങൾക്ക് വിവേചനബുദ്ധിയുണ്ടാവില്ല. ഗോപുരങ്ങളിലിരുന്ന് എഴുതുന്ന അപഹാസ്യപത്രസാഹിത്യം. അവരുടെ സന്തോഷം . ഭൂമിയിൽ എന്തും ചെയ്യാൻ അവർക്കധികാരമുണ്ട്… മരണമണി മുഴങ്ങും വരെ.

മനസ്സിനെ ഞാൻ തുറന്നു വിടുന്നു, ഹിമാലയം, ശൂന്യാകാശം, സമുദ്രതീരം.. അശാന്തിയുടെ അതിപ്രസരമില്ലാത്ത ഒരു ലോകത്തേയ്ക്ക്.

Monday, April 5, 2010

രാപ്പകൽ

വെളിച്ചം തേടി യാത്രപോയ ഒരാൾ എന്നോട് പറഞ്ഞു. "ബുദ്ധനാണു ഞാൻ". ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്നു വന്ന ചുവപ്പു പുതച്ച സന്യാസിയെപ്പോലെ ഒരാൾ.

എന്റെ പഴയ ഒരു സുഹൃത്ത് ഓടക്കുഴൽ വായിച്ചിരുന്നു. ഞങ്ങളയാളെ മുരളീ ഗായകൻ എന്നു വിളിച്ചിരുന്നു. ഓടക്കുഴൽ വായിയ്ക്കുന്ന കോളേജിലെ ഒരേ ഒരാൾ. മുരളീഗായകനും സുഹൃത്തുക്കളും ഒരു നാൾ എഴുത്തു തുടങ്ങി.. പലതും.. കവിതകൾ, കഥകൾ. അതെല്ലാം പഴയകാല കഥകൾ. ഇന്നത്തെ കഥ പോലെയല്ല.

ഇന്നത്തെ കഥകൾ പലതും അടഞ്ഞ വാതിലിൻ പഴുതിലൂടെ കാണുന്ന ജീവിതങ്ങൾ . 2001 ൽ വേൾഡ് ടവർ സെന്ററിലൂടെ കടന്നു പോയ രണ്ട് 767 ജെറ്റ് പ്ലെയ്നുകൾ, ഇൻഡോനേഷ്യയിലെ സുനാമിയിൽ ഒഴുകിയ ജീവിതങ്ങൾ , ടർക്കിയിലെയും, പാക്കിസ്ഥാനിലെ ഭൂചലനം, ആഥൻസിലെ ഒളിമ്പിക്സ്, അഫ്ഗാനിസ്ഥാൻ..... ചിലർ നൂറ്റാണ്ടുകൾ പിന്നോട്ട് നടന്ന് മോഹൻജദാരോ ഹാരപ്പ സംസ്കാരം തേടും.

ലോകം കഥയിലൂടെ ഉണരുന്ന ഒരു വിസ്മയമാകുന്നു. വെളിച്ചവും, ഇരുട്ടും ഇടവിട്ട് വരുന്ന രാപ്പകലുകൾ പോലെ യാഥാസ്ഥിതികതയിൽ നിന്നകന്നുണരുന്ന സൃഷ്ടികൾ.
സന്യസിയ്ക്കാൻ ഹിമവൽ ശൃംഗങ്ങളിലേയ്ക്കു യാത്ര പോകുമ്പോഴും കഥയെഴുതുന്നവർ അവിടെ ഒരു വാതില്പഴുത് കണ്ടെത്തും. രാപ്പകലുകളുടെ നിറഭേദങ്ങളറിയാൻ അവർക്കെന്നും ഒരു കൗതുകമുണ്ടാകും.

Friday, April 2, 2010

ഗ്രേറ്റ് ഹോൾ

ഒരു നല്ല സിനിമ എങ്ങെനെ രൂപം കൊള്ളുന്നു എന്ന് പലപ്പോഴും ചിന്തിച്ച് പോയിട്ടുണ്ട്. ജീവിതം തന്നെ സിനിമയാക്കുന്നവരാണധികവും..

കഥയിലുണരുന്ന വൃത്തഭംഗിയുള്ള ഒരു കാവ്യമാകണം സിനിമ എന്നെവിടെയോ വായിച്ചു ഞാൻ. നിറപ്പകിട്ടാർന്ന ഒരു ട്രപ്പീസ് ഷോ അല്ല ജീവിതം എന്ന് നല്ല സിനിമകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്. നിർമാല്യം എന്ന സിനിമ ഞാൻ കണ്ടത് പി ജെ ആൻടണി എന്ന നടന്റെ അഭിനയം കാണാനായിരുന്നു. സിനിമയെ പറ്റി ആധികാരമായി എഴുതാനുള്ള അറിവില്ലാത്ത ഞാൻ സത്യത്തിൽ ആ അഭിനയം കണ്ടു അന്തം വിട്ടു. പിന്നെ അങ്ങനെയുള്ള അഭിനയം ഭരത് ഗോപി എന്ന നടനിലുണർന്ന് വരുന്നത് കണ്ടു. തനിയാവർത്തനത്തിലും, കാഴ്ചയിലും മമ്മൂട്ടിയുടെ അഭിനയം അസൂയാവഹമായിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തെക്കാൾ മമ്മൂട്ടി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയം. ആർട്സ് ഫെസ്റ്റിവൽ ഉൽഘാടനം ചെയ്യാൻ മമ്മൂട്ടി ഞങ്ങളുടെ ഗ്രേറ്റ് ഹാളിൽ വന്നിരുന്നു. ഗ്രേറ്റ് ഹോൾ: ഒരു ചെറിയ ഓഡിറ്റോറിയം. അതിൽ വളരെയേറെ സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സിനിമ, രാഷ്ടീയ കലഹങ്ങൾ, പഠനസമ്മേളനങ്ങൾ, സാംസ്ക്കാരിക നാടകങ്ങൾ. അതിനൊരു പഴയ മണ്ണിന്റെ സുഗന്ധമുണ്ട്. ഗ്രേറ്റ് ഹോളിനു മുന്നിലെ തണൽ മരങ്ങളിൽ മഴ വീണുന്നത് കാണാൻ നല്ല ഭംഗിയാണു.

ഗ്രേറ്റ് ഹോളിൽ 26 വർഷം മുൻപ് വന്ന മമ്മൂട്ടി മെഗാസ്റ്റാറായിരുന്നില്ല. തിരക്കുള്ള ഒരു താരം. സ്റ്റേജിനടുത്ത നിന്ന ഞങ്ങൾക്ക്, ഞങ്ങളൊരിയ്ക്കലും വോട്ട് ചെയ്തിട്ടില്ലാത്ത ഒരു കമ്യൂണിസ്റ്റ് സഖാവ് മമ്മൂട്ടിയുടെ കൈയൊപ്പ് വാങ്ങിത്തന്നു.


പിന്നീട് ആ സഖാവ് ഞങ്ങളുടെ നല്ല സുഹൃത്തായി. മമ്മൂട്ടിയുടെ നല്ല ഭംഗിയുള്ള ആശംസകളിലൂടെ. 26 വർഷങ്ങളുറങ്ങുന്ന ആശംസകൾ. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ ഫാൻ ക്ളബിലെ ഒരു ആരാധകനല്ല ഞാൻ. ഇവരൊക്കെ ഒരുപാട് നല്ല കാര്യങ്ങൾ സമൂഹത്തിനു ചെയ്യുന്നുണ്ട്. ജീവിതത്തിൽ അഭിനയം അവരുടെ ജോലി. അതവർ ഭംഗിയായി ചെയ്യുന്നു. പി ജെ ആന്റണിയുടെ അഭിനയം കഴിഞ്ഞാൽ അമിതാബ് ബച്ചന്റെ സർക്കാറിലെയും ബ്ലാക്കിലെയും അഭിനയം എനിയ്ക്കിഷ്ടപ്പെട്ടു.

2005ൽ ഞാൻ ഗ്രേറ്റ് ഹോളിൽ പോയി, വെറുതെ ഒരു കൗതുകം. അതങ്ങനെ തന്നെയുണ്ട്; ഒരു രാഷ്ട്രപതിയും, ഒരു മെഗാസ്റ്റാറും അതിലെ പണ്ടൊരിയ്ക്കൽ നടന്നു പോയി എന്ന ഒരു ഭാവവുമില്ലാതെ. അന്ന് മഴയുണ്ടായിരുന്നു. തണൽ മരങ്ങളിൽ വീഴുന്ന മഴയുടെ ഭംഗി. അതിനും മാറ്റമില്ല

Thursday, April 1, 2010

മഹതത്വ ബോധം

വെളിച്ചം ദു:ഖമാണെന്നും തമസ്സ് സുഖപ്രദമെന്നും ഒരു മഹാകവി പാടി. ആ മഹാകവി പറയുന്നതിൽ സത്യമുണ്ട്. മനസ്സിൽ വെളിച്ചമുണ്ടെങ്കിലെ നന്മയുള്ളൂ. മനുഷ്യന്റെ ശിരസ്സിലുദിയ്ക്കുന്ന തമസ്സാണു എല്ലാ ദുരന്തങ്ങളുടെയും മൂലകാരണം. ആ കറുത്ത ബിന്ദുക്കൾ വലുതായി മനുഷ്യൻ വെളിച്ചത്തെ മറക്കുന്നു.

സാംഖ്യയോഗപ്രകാരമുള്ള ജ്ഞാനയോഗത്തിൽ 25 തത്വങ്ങളെ വേർതിരിച്ചു പറയുന്നു. മൂലപ്രകൃതിയും, മഹതത്വവും, അഞ്ച് തന്മാത്രകളും, അഞ്ച് ഭൂതങ്ങളും മൻസ്സും പത്ത് ഇന്ദ്രിയങ്ങളും ഇരുപത്തിയഞ്ചാമതായി മനുഷ്യനും.
സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുള്ള മൂലപ്രകൃതിയുടെ പരിണാമമാണു ലോകം മുഴുവനും. പ്രകൃതിതത്വങ്ങൾ 24, പ്രപഞ്ചത്തിന്റെ ആദികാരണമാണു മൂലപ്രകൃതി. ത്രിഗുണാത്മകമായ ആ മൂലപ്രകൃതിയിൽ നിന്ന് മഹതത്വവും അതിൽ നിന്ന് അഹങ്കാരവും ഉണ്ടാകുന്നു.

ബുദ്ധിയാണു മഹതത്വം, ഞാനെന്ന ഭാവമാണു അഹങ്കാരം. ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം, എന്നീ ഗുണങ്ങളാണു അഞ്ച് തന്മാത്രകൾ. ഭൂമി, വെള്ളം, തീയ്, കാറ്റ്, ആകാശം, ഇവ അഞ്ചും മഹാഭൂതങ്ങൾ.അന്തകരണമാണു മനസ്സ്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്, ഇവ അഞ്ചും ജ്ഞാനേന്ദ്രിയങ്ങൾ. വാക്ക്, കൈയ്, കാൽ, പായു, ഉപസ്ഥം ഇവ കർമേന്ദ്രിയങ്ങൾ. ഇങ്ങനെ ഇരുപത്തിനാലു പ്രകൃതിതത്വങ്ങൾ. ഇവയ്ക്ക് പുറമെ ആണു മനുഷ്യനെന്ന ഇരുപത്തിഅഞ്ചാമത്തെ തത്വം. ഇവ വേർതിരിച്ചറിയുന്ന മനുഷ്യനു പ്രകൃതിയുടെ ജനനമരണധർമങ്ങൾ വിട്ടൊഴിയുന്നു.

ഇത് പുരാണങ്ങളുടെ തത്വബോധം. ഇന്നെത്തെ മനുഷ്യൻ ഇത് പറയുന്നവരെ പരിഹസിയ്ക്കും. അവരുടെ ലോകത്തിൽ ജീസ്സസും ഗാന്ധിയും, ബുദ്ധനുമുണ്ട്, പുരാണങ്ങളുണ്ട്. അവർക്കത് സ്വാർഥതാല്പര്യങ്ങളെ പൊതിയുന്ന ഒരു ആവരണം. ഒരു മുഖപടം. അതിനപ്പുറത്ത് അവർക്ക് കൂട്ടായുള്ളത് ശിരസ്സിലെ കറുത്ത ബിന്ദുക്കൾ.

വെളിച്ചം ദു:ഖം. തമസ്സ് സുഖപ്രദം.. ഈ ലോകഗതി കാണുമ്പോൾ അത് ശരിയെന്ന് തോന്നിപ്പോകുന്നു.