Tuesday, March 30, 2010

ഇൻഡ്യൻ മഹാസമുദ്രതീരത്തെ ചെറിയ ഭൂമി

എന്റെ പഴയ സുഹൃത്തെ,

പ്രിയപ്പെട്ട പഴയ സുഹൃത്തെ എന്ന് വിളിയ്ക്കാനാവാത്ത വിധം ഇൻഡ്യൻ മഹാസമുദ്രവും, ശാന്ത സമുദ്രവും നമ്മുടെയിടയിൽ എത്ര അകലമുണ്ടാക്കിയിരിയ്ക്കുന്നു. സൗഹൃദത്തിന്റെ ശാന്തത എന്നേ നഷ്ടമായി.

ഒരായുഷ്ക്കാലം എഴുതിയാലും തീരാത്ത ദ്രോഹം നീയെന്നോട് ചെയ്തു. സുഹൃത്തുക്കളെ റേപ്പ് ചെയ്യുന്ന ഒരു ലോകം; അത് നീയെനിയ്ക്ക് കാട്ടി തന്നു. വളരെ നന്ദിയുണ്ട്. അങ്ങനെ ഒരു ലോകമുണ്ടെന്ന് വിശ്വസിയ്ക്കാൻ ആദ്യം പ്രയാസമായിരുന്നു. ഇന്ന് അതിലും ഭീകരമായ ഒരു ലോകം മുന്നിൽ ഞാൻ പ്രതീക്ഷിയ്ക്കുന്നു. അതിനാൽ ഭയം ഇന്നെന്നെ വലയം ചെയ്യുന്നില്ല.


ഭൂതകാലം. നിന്റെ സൗഹൃദം ഇന്ന് ഒരു ദുരന്തകാലത്തിന്റെ ഓർമ്മ തരുന്നു.
നിനക്കെന്നോട് തീർത്താൽ തീരാത്ത പകയുണ്ട് എന്നറിയാം. എനിയ്ക്കങ്ങോട്ടും. അതൊരു സത്യം. എഴുതിയെഴുതി നിന്റെയാളുകൾ വീണ്ടും വീണ്ടും അതെന്നെ ഓർമ്മിയ്ക്കേണ്ട ആവശ്യകതയില്ല. എനിയ്ക്ക് നിന്നോടുള്ളതിനെക്കാൾ പക നിന്റെ ഉപജാപകവൃന്ദത്തോടുണ്ട്. അവരുടെ ഭൂതവും ഭാവിയുമൊക്കെ ഗണിച്ചെഴുതി ആദ്യം നന്നാവട്ടെ അവർ.

പഴയ സുഹൃത്തെ, നീയെന്തിനിത് ചെയ്തു എന്നൊക്കെ ഇനി ഒരിയ്ക്കലും ഞാൻ ചോദിയ്ക്കില്ല. ശീതസമരം ഇനി എത്ര നാൾ?. നിന്റെ നിഴലുകൾക്ക് തിരിയെ പൊയ്ക്കൂടെ. അവരിങ്ങനെ കൂട്ടം കൂടി വന്നാക്രമിയ്ക്കുമ്പോൾ നിയെന്റെ പഴയ സുഹൃത്ത് എന്ന സത്യം ഞാൻ മറന്നു പോകുന്നു. നിന്നെ രക്ഷിയ്ക്കാൻ വിശസ്ത്ർ, അനേകർ. അവരൊക്കെ നിന്റെ കഥകൾ വിശ്വസിയ്ക്കട്ടെ. ഇൻഡ്യൻ മഹാസമുദ്രതീരത്തിലെ ഈ ചെറിയ ഭൂമിയെ, അതിനെയങ്ങൊഴിവാക്കുക. എന്റെ പഴയ സുഹൃത്തെ, സൗഹൃദങ്ങൾ വലയിൽ വീണു മരിയ്ക്കേണ്ട ചിത്രശലഭങ്ങളല്ല. തീറെഴുതി വിൽക്കേണ്ട കഥയുമല്ല. അത് മനസ്സിലാവുന്നവർക്ക് മുഖം മൂടികളണിയേണ്ടി വരില്ല. ഒരിയ്ക്കലും.


ഇൻഡ്യൻ മഹാസമുദ്രതീരത്തെ ചെറിയ ഭൂമി

March 30, 2010
India.

No comments:

Post a Comment