Sunday, March 28, 2010

ചെറിയ ശംഖുകൾ

ദശാസന്ധികൾ അപകടരം....
അപഹാരങ്ങൾ പ്രതേകിച്ചും.....
ഗണിച്ചു പറയുന്ന ചെറിയ ശംഖുകളെ ഞാൻ വിശ്വസിച്ചിരുന്നില്ല. അവർ പ്രവചിച്ചു...
രാഹു ചതിയ്ക്കും....
ഒരു ഗ്രഹത്തെയും ഭയമില്ലാത്ത എന്റെ മുന്നിൽ ഒരു സൂര്യൻ വന്നു പറഞ്ഞു.
നിന്നെ ഞാൻ അവസാനിപ്പിയ്ക്കും.
പിന്നീട് എന്നെ വീഴ്ത്താൻ കുറെ നിഴലുകൾ പിറകെ കൂടി.
സൂര്യന്റെ നിഴലുകൾ. പ്രശസ്തർ, അപ്രശസ്തർ. അവരോടൊക്ക മല്ലിട്ട് ഇത്തിരി പ്രശസ്തി വേണമെന്നു എന്റെ ഭൂമി ഒരിയ്ക്കലും മോഹിച്ചിട്ടില്ല.
ഓട്ടം നിർത്താതെ പിന്നിട്ട നിഴലുകൾ വൃക്ഷവേരുകളിൽ തട്ടി വീഴുന്നത് കൺട് ചിരി വന്നു. ചിരിച്ചപ്പോൾ ദേഷ്യം വന്ന സൂര്യാവതാരം കുറേ രശ്മികളെ അയച്ചു. അതിൽ ഭൂമി കരിഞ്ഞു. . അയാളെഴുതിയ മഹാസാഹിത്യം കണ്ട് വീണു പോയി. പിന്നീടറിഞ്ഞു പ്രണയകാവ്യം എഴുതി ആളുകളെ വിശ്വസിപ്പിയ്ക്കുന്ന ഒരു ഭയാനകലോകത്തിന്റെ പ്രതിനിധിയാണീ സാഹിത്യകാരൻ എന്ന്.
മാധവിക്കുട്ടിയുടെ ആത്മകഥയിൽ അവർക്കൊരുപാട് പ്രണയമുണ്ടായിരുന്നു എന്നെഴുതിയത് ഓർക്കുന്നു. മനുഷ്യജന്മത്തിന്റെ നിസ്സാരമാതൃകകളെ പ്രണയിയ്ക്കരുതെന്ന് പറയുന്നത് എത്ര ശരി. മനുഷ്യനെന്ന് പറയുന്ന ഒരാളെയും പ്രണയിക്കില്ലെന്ന് പ്രതിഞ്ജയെടുത്ത ഞാൻ രാഹുവിന്റെ അപഹാരശക്തിയറിഞ്ഞു. ഏറിയാൽ ഒരു രണ്ടു പൗർണ്മികൾ ഞാൻ എന്റെ പ്രതിഞ്ജ മറന്നു.
ഇന്നെനിയക്ക് ചെറിയ ശംഖുകളെ കുറെ ബഹുമാനമുണ്ട്. ഇന്നെനിയ്ക്കാരോടും സ്നേഹം തോന്നുന്നില്ല. കുറെ നിഴലുകൾ ഇന്നും കൂടെയുണ്ട്. പോകാൻ മടിയ്ക്കുന്ന നിഴലുകൾ. അവരോട് പട വെട്ടി എന്റെ കുറെ ദിനരാത്രങ്ങളുടെ സ്വസ്ഥത പോയി. അത്ര മാത്രം. എന്നെയെങ്ങനെ അവസാനിപ്പിയ്ക്കും എന്ന് ചിന്തിച്ച് സൂര്യന്റെ ഉറക്കവും നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഉറങ്ങാതെ രാത്രിയുടെ കറുത്ത മഷിയിൽ മുക്കി കുറെ സാഹിത്യ രചന നടത്തി സൂര്യന്റെ നിഴലുകൾ. അതു കൺടു ഭൂമിയും സമുദ്രവും കുറെ വാക്കുകൾ എനിയ്ക്ക് തന്നു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന വാക്കുകൾ.

No comments:

Post a Comment