Wednesday, March 31, 2010

ഭൂചലനങ്ങൾ

പ്രവചനാതീതമായ പലതും ഈ ഭൂമിയിലുണ്ടാകുന്നു. അതിന്റെ കാരണങ്ങൾ അനവധി. അതു തേടി പോകാതെ പത്രങ്ങളാണു ഇന്ന് പ്രവചനങ്ങളുടെ അന്ത്യവിധിയെഴുതുന്നത്. അവരുടെത് കാലാവസ്ഥാപ്രവചനം. മഴ പെയ്യാനും പെയ്യാതിരിയ്ക്കാനും സാദ്ധ്യത എന്ന് പറയും പോലെ.

ഒരു എഡിറ്റർ ഉയർന്ന ശബ്ദത്തിൽ ഒന്നാം കോളത്തിലെഴുതുന്നു. ഞങ്ങൾ ശബ്ദ മലിനീകരണം തടയും; ഉച്ചഭാഷിണിയിലെ ആത്മീയ പ്രഭാഷണം പോലെ സുഖകരം. അടുത്തയാളുടെ ആന്തരിക വിജ്ഞാനം. ഭൂമി ചലിയ്ക്കാതിരിയ്ക്കുക. അയാൾ പറഞ്ഞിട്ട് ഇന്നലെ ഭൂമി അച്ചുതണ്ടിൽ നിന്നിറങ്ങി സന്യാത്തിനു പോയി എന്നു തോന്നും. ജനുവരി 12, 2010 ഹെയ്റ്റിയിലുണ്ടായ ഭൂചലനം ഇയാൾ പറയാതിരുന്നത് കൊണ്ട് ഉണ്ടായി എന്ന് വിശ്വസിയ്ക്കാൻ ശ്രമിയ്ക്കാം.
ജനുവരി 21, 2001ൽ ഗുജറാത്തിലുണ്ടായ ഭൂചലനവും അങ്ങനെയുണ്ടായ ഒരു ചെറിയ കൈപ്പിശകാവാം.

ഇവരുടെയീ പത്രലോകത്തിലിരുന്ന് എന്തെല്ലാം ഇവർ കാട്ടിക്കൂട്ടുന്നു. ബഷീറിന്റെ കഥയിലെ ഒരു ജീവിച്ചിരുന്ന ഒരു കഥാപാത്രമുണ്ട്.

ആ കഥയിലെ ഒരു ഭാഗം:

"ബുദ്ധിജീവികൾക്കും, ഒരുപാട് സാഹിത്യകാരന്മാർക്കും ഇൻഡ്യ സ്വതന്ത്രമാവുമെന്ന് വിശ്വാസമില്ലായിരുന്നു. അങ്ങനെ വിശ്വസിച്ചിരുന്ന ബിരുദധാരിയായ ഒരു ബുദ്ധിജീവി സ്നേഹിതൻ എനിയ്ക്കുണ്ടായിരുന്നു. അദ്ദേഹം ഒരു പത്രവും നടത്തിയിരുന്നു. അതിൽ മഹാത്മാഗാന്ധിയെ ആക്ഷേപിച്ച് ലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ ഭ്രാന്തന്മാരാണു, ഭ്രാന്തന്മാരുടെ നേതാവാണു മിസ്റ്റർ ഗാന്ധി, ഖദർ ചീങ്കണ്ണീത്തുകലാണു."

അതെല്ലാം പോയി. ഇൻഡ്യ സ്വതന്ത്രയായി, എങ്ങും കോൺഗ്രസ്സ് മന്തിസഭകൾ. അപ്പോൾ നമ്മുടെ ബുദ്ധിജീവി ഖദർ ധരിച്ച് കോൺഗ്രസ്സിൽ ചേർന്ന് മന്തിയായി. അതെന്നിൽ വലിയ ക്ഷോഭമുളവാക്കി. ഏതാണ്ട് 1929 മുതൽ ഞാൻ ഖദറാണു ധരിച്ചിരുന്നത്. അന്ന് ഖദർ ഇട്ടവരെ നാട്ടുകാരായ പൊലീസുകാർ ഇഷ്ടം പോലെ തല്ലിയിരുന്നു. അതെല്ലാം കഴിഞ്ഞ് നമ്മുടെ ബുദ്ധി ജീവി ചീങ്കണ്ണിതുകലെന്ന് പറഞ്ഞ് ആക്ഷേപിച്ച ഖദർ ധരിച്ച് മന്ത്രിയായി. ഇത് പോലെ അവസരവാദികളായ ഒരു പാട് പേർ ഖദർ ധാരികളായി. ഞാൻ ഖദർ വസ്ത്രം ഉപേക്ഷിച്ചു.

ഇന്നെത്തെ പത്രക്കാർക്ക് ഖദർ വേണമെന്നില്ല. പണം. അതുമാത്രം. പണത്തിനു പുറകെ നടക്കുന്ന ഒരു കച്ചവട സിനിമ പോലെയായി ഇന്നത്തെ വർത്തമാനപത്രങ്ങൾ.

ഭൂമിയോട് ചലിയ്ക്കാതിരിയ്ക്കാൻ കല്പിയ്ക്കുന്ന പത്രങ്ങളെ നിങ്ങൾ ഏതു ഗ്രഹത്തിലെ ജീവികൾ??

Tuesday, March 30, 2010

ഇൻഡ്യൻ മഹാസമുദ്രതീരത്തെ ചെറിയ ഭൂമി

എന്റെ പഴയ സുഹൃത്തെ,

പ്രിയപ്പെട്ട പഴയ സുഹൃത്തെ എന്ന് വിളിയ്ക്കാനാവാത്ത വിധം ഇൻഡ്യൻ മഹാസമുദ്രവും, ശാന്ത സമുദ്രവും നമ്മുടെയിടയിൽ എത്ര അകലമുണ്ടാക്കിയിരിയ്ക്കുന്നു. സൗഹൃദത്തിന്റെ ശാന്തത എന്നേ നഷ്ടമായി.

ഒരായുഷ്ക്കാലം എഴുതിയാലും തീരാത്ത ദ്രോഹം നീയെന്നോട് ചെയ്തു. സുഹൃത്തുക്കളെ റേപ്പ് ചെയ്യുന്ന ഒരു ലോകം; അത് നീയെനിയ്ക്ക് കാട്ടി തന്നു. വളരെ നന്ദിയുണ്ട്. അങ്ങനെ ഒരു ലോകമുണ്ടെന്ന് വിശ്വസിയ്ക്കാൻ ആദ്യം പ്രയാസമായിരുന്നു. ഇന്ന് അതിലും ഭീകരമായ ഒരു ലോകം മുന്നിൽ ഞാൻ പ്രതീക്ഷിയ്ക്കുന്നു. അതിനാൽ ഭയം ഇന്നെന്നെ വലയം ചെയ്യുന്നില്ല.


ഭൂതകാലം. നിന്റെ സൗഹൃദം ഇന്ന് ഒരു ദുരന്തകാലത്തിന്റെ ഓർമ്മ തരുന്നു.
നിനക്കെന്നോട് തീർത്താൽ തീരാത്ത പകയുണ്ട് എന്നറിയാം. എനിയ്ക്കങ്ങോട്ടും. അതൊരു സത്യം. എഴുതിയെഴുതി നിന്റെയാളുകൾ വീണ്ടും വീണ്ടും അതെന്നെ ഓർമ്മിയ്ക്കേണ്ട ആവശ്യകതയില്ല. എനിയ്ക്ക് നിന്നോടുള്ളതിനെക്കാൾ പക നിന്റെ ഉപജാപകവൃന്ദത്തോടുണ്ട്. അവരുടെ ഭൂതവും ഭാവിയുമൊക്കെ ഗണിച്ചെഴുതി ആദ്യം നന്നാവട്ടെ അവർ.

പഴയ സുഹൃത്തെ, നീയെന്തിനിത് ചെയ്തു എന്നൊക്കെ ഇനി ഒരിയ്ക്കലും ഞാൻ ചോദിയ്ക്കില്ല. ശീതസമരം ഇനി എത്ര നാൾ?. നിന്റെ നിഴലുകൾക്ക് തിരിയെ പൊയ്ക്കൂടെ. അവരിങ്ങനെ കൂട്ടം കൂടി വന്നാക്രമിയ്ക്കുമ്പോൾ നിയെന്റെ പഴയ സുഹൃത്ത് എന്ന സത്യം ഞാൻ മറന്നു പോകുന്നു. നിന്നെ രക്ഷിയ്ക്കാൻ വിശസ്ത്ർ, അനേകർ. അവരൊക്കെ നിന്റെ കഥകൾ വിശ്വസിയ്ക്കട്ടെ. ഇൻഡ്യൻ മഹാസമുദ്രതീരത്തിലെ ഈ ചെറിയ ഭൂമിയെ, അതിനെയങ്ങൊഴിവാക്കുക. എന്റെ പഴയ സുഹൃത്തെ, സൗഹൃദങ്ങൾ വലയിൽ വീണു മരിയ്ക്കേണ്ട ചിത്രശലഭങ്ങളല്ല. തീറെഴുതി വിൽക്കേണ്ട കഥയുമല്ല. അത് മനസ്സിലാവുന്നവർക്ക് മുഖം മൂടികളണിയേണ്ടി വരില്ല. ഒരിയ്ക്കലും.


ഇൻഡ്യൻ മഹാസമുദ്രതീരത്തെ ചെറിയ ഭൂമി

March 30, 2010
India.

Monday, March 29, 2010

365x2 = 730 ദിനങ്ങൾ

ഒരു വർഷം എന്തെല്ലാം ചെയ്തു കൂട്ടി. ചിലരുടെ കണക്കിൽ എഴുതിയ കഥകളുടെ ലിസ്റ്റ്റ്റുണ്ടാകും. അതൊരു നല്ല കാര്യം. എഴുതുന്നത് എന്ത്??? മറ്റുള്ളവരെ അപമാനിയ്ക്കാനാവുമ്പോൾ അതിലെ നന്മ ഇല്ലാതാവും. അതിലൂടെ കൈയിലെത്തുന്ന പണത്തിനു കയ്പു രുചിയുണ്ടാവും. അതൊന്നും ഇന്നെത്തെ ലോകത്തെ അലോസരപ്പെടുത്തുന്നില്ല. ഇന്നെത്തെ ലോകം അളന്നെടുത്ത് മുന്നിൽ നീട്ടുന്നത് മനസ്സാക്ഷി നഷ്ടമായ ഒരു സമൂഹത്തിന്റെ പ്രതിനിധികളെ.


കഴിഞ്ഞു പോയ രണ്ടു വർഷങ്ങളിൽ ഞാൻ കുറെ മുഖങ്ങളില്ലാത്ത മൻഷ്യരെ കണ്ടു. അവർക്കായിരം നാവുകൾ. അവർ പറഞ്ഞ കഥകൾ കേട്ട് ഞാൻ ഞെട്ടി. പിന്നെ മരവിച്ചു. കഴിഞ്ഞ വർഷം ഹാന ആൻഡ് ആലിസ് ഞാൻ രൺടു പ്രാവശ്യം കണ്ടു, ഷൂൻജി ഇവായ് സംവിധാനം ചെയ്ത 2004ലെ ഒരു ജാപ്പനീസ് ഫിലിം. ചെറിയ കള്ളങ്ങൾ ഉണ്ടാക്കിയ വലിയ സംഭവങ്ങൾ. ഇൻഡ്യയിൽ ഇതു പോലുള്ള സിനിമകൾ വന്നിരുന്നെങ്കിൽ നന്നായിരുന്നു. എനിയ്ക്കൊരു സിനിമ നിർമ്മിയ്ക്കണമെന്നു തോന്നുന്നു. സത്യം സത്യമായി പറയുന്ന ഒരു സിനിമ. ഹാന അൻഡ് ആലിസ് പോലെ ഒന്ന്.

വലിയ ചെറിയ ലോകം.

ഇന്നു ഞാൻ ലോകം കാണുന്നത് വേറൊരു സൂക്ഷ്മദർശിനിയിലൂടെ. ഒരു പ്രത്യേകത. എല്ലാറ്റിനും ഒരു മാറ്റം. ഒരു ചെറിയ ഭൂമി വളർന്നു വലുതായി. മഹായുദ്ധങ്ങൾ കണ്ട് മരവിച്ച മുഖമുള്ള ഒരു ഭൂമി. അതിന്റെയുള്ളിൽ എന്റെ ജീവൻ ഭദ്രം.

സംവൽസരങ്ങൾക്ക് മുൻപിൽ സഹാറ ഒരു സമുദ്രമായിരുന്നു. മാറ്റങ്ങൾ കാലത്തിനും. ചാർമുടിയിലെ കാട്ടുപ്രദേശത്ത് ബജി വിൽക്കുന്ന എഴുതാനും വായിയ്ക്കാനും അറിയാത്ത ഒരാളോട് ബെൻസ്, ക്ലാസിക് പോളോ, കൊളംബസ് എന്നൊക്ക പറയാനാവില്ല. ബജി നന്നായി എന്നു പറയാം. ഒരേ ലോകത്തിലെ പല വിധത്തിലുള്ള ജീവഗതികൾ.

എഴുതാൻ ഒരുപാടു നല്ല കാര്യങ്ങൾ ഈ ഭൂലോകത്തുള്ളപ്പോൾ ചിലർ മാത്രം ഭൂമിയുടെ ഒരു ഭാഗം അടർത്തി മാറ്റി കീറി മുറിയ്ക്കുന്നു. ജിയോളജിയിൽ ഉപരിപഠനം, ഉപജീവനം. അവരുടെ ജോലി അതവർ ഭംഗിയായി ചെയ്യുന്നു. ചിലപ്പോൾ വിലപിടിപ്പുള്ള നിധികൾ കൈയിൽ വരും. ചിലർക്ക് താല്പര്യം ഭൂമിയുടെ അവസ്ഥാന്തരങ്ങളെ പിന്തുടരുക എന്ന വിഷമമേറിയ ജോലി. ഭൂമി മഞ്ഞിലുറയുന്ന കാലം, ഇലപൊഴിയിക്കുന്ന കാലം, പൂക്കളുണർത്തുന്ന കാലം ഇവയൊക്കെ കൃത്യമായി സൂക്ഷമ ദർശിനിയിലൂടെ രേഖപ്പെടുത്തുക.

നമ്മൾ ജീവിയ്ക്കുന്ന ഭൂമി ഇന്നൊരു മഹാസംഭവം. ഹിരോഷിമയിൽ വീണ അണുബോംബിൽ നിന്നും ലോകം ഒന്നും അറിഞ്ഞില്ല. ഇറാക്ക് പുകയുന്നു. സുഡാനിൽ ഭഷ്യ ക്ഷാമം. എന്നും മിസൈലുകളുടെ ടെസ്റ്റ്റ്റ് ഡ്രൈവ്. ലോക സമാധാനം എവിടെ. സമാധാനരേഖകൾ ഐക്യരാഷട്രസഭയിലുറങ്ങുന്നു. യുറാനസ്, നെപ്ട്യൂൻ, പ്ളൂട്ടോ പിന്നെ കുറെ ചെറിയ ഉപഗ്രഹങ്ങൾ ഇവർ ഭൂമിയെ പിന്തുടരുന്നു. അവർക്കെല്ലാം ഭൂമിയോട് വലിയ സ്നേഹം.

ഭൂമി ഒരു സഹന ശേഷിയുള്ള ഗ്രഹം. ജീവൻ തുടിയ്ക്കുന്ന ഗ്രഹം. ജീവന്റെ വില അറിയുന്നവർ അണുബോംബുകളുമായി വരില്ല. എത്ര മഹായുദ്ധങ്ങൾ കഴിഞ്ഞാലും ഈ ഭൂമിയെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചു അവർ സൗരയൂഥത്തിൽ ഉച്ചകോടി സമ്മേളങ്ങൾ നടത്തുന്നു. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ജീവന്റെ ഉറവിടം തേടി അലയുന്നു.

Sunday, March 28, 2010

ചെറിയ ശംഖുകൾ

ദശാസന്ധികൾ അപകടരം....
അപഹാരങ്ങൾ പ്രതേകിച്ചും.....
ഗണിച്ചു പറയുന്ന ചെറിയ ശംഖുകളെ ഞാൻ വിശ്വസിച്ചിരുന്നില്ല. അവർ പ്രവചിച്ചു...
രാഹു ചതിയ്ക്കും....
ഒരു ഗ്രഹത്തെയും ഭയമില്ലാത്ത എന്റെ മുന്നിൽ ഒരു സൂര്യൻ വന്നു പറഞ്ഞു.
നിന്നെ ഞാൻ അവസാനിപ്പിയ്ക്കും.
പിന്നീട് എന്നെ വീഴ്ത്താൻ കുറെ നിഴലുകൾ പിറകെ കൂടി.
സൂര്യന്റെ നിഴലുകൾ. പ്രശസ്തർ, അപ്രശസ്തർ. അവരോടൊക്ക മല്ലിട്ട് ഇത്തിരി പ്രശസ്തി വേണമെന്നു എന്റെ ഭൂമി ഒരിയ്ക്കലും മോഹിച്ചിട്ടില്ല.
ഓട്ടം നിർത്താതെ പിന്നിട്ട നിഴലുകൾ വൃക്ഷവേരുകളിൽ തട്ടി വീഴുന്നത് കൺട് ചിരി വന്നു. ചിരിച്ചപ്പോൾ ദേഷ്യം വന്ന സൂര്യാവതാരം കുറേ രശ്മികളെ അയച്ചു. അതിൽ ഭൂമി കരിഞ്ഞു. . അയാളെഴുതിയ മഹാസാഹിത്യം കണ്ട് വീണു പോയി. പിന്നീടറിഞ്ഞു പ്രണയകാവ്യം എഴുതി ആളുകളെ വിശ്വസിപ്പിയ്ക്കുന്ന ഒരു ഭയാനകലോകത്തിന്റെ പ്രതിനിധിയാണീ സാഹിത്യകാരൻ എന്ന്.
മാധവിക്കുട്ടിയുടെ ആത്മകഥയിൽ അവർക്കൊരുപാട് പ്രണയമുണ്ടായിരുന്നു എന്നെഴുതിയത് ഓർക്കുന്നു. മനുഷ്യജന്മത്തിന്റെ നിസ്സാരമാതൃകകളെ പ്രണയിയ്ക്കരുതെന്ന് പറയുന്നത് എത്ര ശരി. മനുഷ്യനെന്ന് പറയുന്ന ഒരാളെയും പ്രണയിക്കില്ലെന്ന് പ്രതിഞ്ജയെടുത്ത ഞാൻ രാഹുവിന്റെ അപഹാരശക്തിയറിഞ്ഞു. ഏറിയാൽ ഒരു രണ്ടു പൗർണ്മികൾ ഞാൻ എന്റെ പ്രതിഞ്ജ മറന്നു.
ഇന്നെനിയക്ക് ചെറിയ ശംഖുകളെ കുറെ ബഹുമാനമുണ്ട്. ഇന്നെനിയ്ക്കാരോടും സ്നേഹം തോന്നുന്നില്ല. കുറെ നിഴലുകൾ ഇന്നും കൂടെയുണ്ട്. പോകാൻ മടിയ്ക്കുന്ന നിഴലുകൾ. അവരോട് പട വെട്ടി എന്റെ കുറെ ദിനരാത്രങ്ങളുടെ സ്വസ്ഥത പോയി. അത്ര മാത്രം. എന്നെയെങ്ങനെ അവസാനിപ്പിയ്ക്കും എന്ന് ചിന്തിച്ച് സൂര്യന്റെ ഉറക്കവും നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഉറങ്ങാതെ രാത്രിയുടെ കറുത്ത മഷിയിൽ മുക്കി കുറെ സാഹിത്യ രചന നടത്തി സൂര്യന്റെ നിഴലുകൾ. അതു കൺടു ഭൂമിയും സമുദ്രവും കുറെ വാക്കുകൾ എനിയ്ക്ക് തന്നു. നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന വാക്കുകൾ.